മുല്ലനേഴി മാഷെക്കുറിച്ച് നേരത്തെ അറിയാമെങ്കിലും നേരിട്ട് പരിചയപ്പെടുന്നത് 2001 ല്‍ തിരുവനന്തപുരത്തുവെച്ചായിരുന്നു. ശാസ്ത്രാദ്ധ്യാപകര്ക്കുള്ള 15 ദിവസത്തെ പരിശീലനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. ഗുരുവായൂര്‍-നാഗര്‍കോവില്‍ ട്രെയിനില്‍ പുലര്‍ച്ചെ ഇറങ്ങി ശിക്ഷക് സദനത്തിലേക്ക് നടക്കുകയായിരുന്നു. പിന്നില്‍ വയസ്സനായ ഒരാള്‍ തോര്‍ത്ത് തലയില്‍കെട്ടി ഒരു തുണിസഞ്ചി തോളിലും തൂക്കി നടന്നു വരുന്നുണ്ടായിരുന്നു. ഖദര്‍ ജുബ്ബയും മുണ്ടുമായിരുന്നു വേഷം. ശിക്ഷക് സദനത്തില്‍ ഒരു ഡബ്ബിള്‍ റും മാത്രമെ ബാക്കിയുണ്ടായിരുനിനുള്ളു. ബാക്കിയെല്ലാം നേരത്തെ എത്തിയ വാദ്ധ്യാന്മാര് കയ്യടക്കിയിരുന്നു. അങ്ങനെ ഞാനും മുല്ലന് മാഷും ഒരു റൂമില്‍ താമസം തുടങ്ങി. മാഷ് തൃശ്ശൂര്‍ ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നും ലൈബ്രേറിയന്മാര്ക്കുള്ള ട്രെയ്നിംഗില് പങ്കെടുക്കാന്‍ വന്നതായിരുന്നു.മുല്ലനേഴിയുടെ സഹമുറിയന് അദ്ദേഹത്തിന്റെ ആത്മ സുഹൃത്ത് ഇ.എന്‍. ദാമോദരന്റെ മകളുടെ ഭര്‍ത്താവാണെന്നറിഞ്ഞപ്പോള്‍ മാഷ്ക്ക് അതിയായ സന്തോഷം.
അടുത്ത ദിവസം രണ്ട് സിനിമാ സംവിധായകരെ കണാനുണ്ടെന്നും നീ കൂടി വരണമെന്നും മാഷ് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പോയി. അതില്‍ ഒന്ന് അസീസ് ആയിരുന്നു. അടുത്ത ദിവസം ലെനിന് രാജേന്ദ്രനേയും കാണാന്‍ പോയി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുല്ലനേഴി മാഷുടെ അദ്ധ്യക്ഷതയിലുള്ള സഭകളായിരുന്നു ശിക്ഷക്സദനില്‍. മാഷുടെ കാവ്യാനുഭവങ്ങളായിരുന്നു മുഖ്യ വിഷയം.
എന്നും ഒന്നാം കളാ സ്സില്‍ പഠിക്കുന്ന കുട്ടി...
മുല്ലനേഴി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്ത്തകനായിരുന്നകാലം. അന്നെഴുതിയ ഒരു കവിതയാണ് ....എന്നും ഒന്നാംകളാസ്സില് പഠിക്കുന്ന കുട്ടി... ഒന്നാംകളാ സ്സില്‍ ചേര്‍ന്ന കുട്ടിയെ കളാസ്സദ്ധ്യാപകന് വളരെ ഇഷ്ടപ്പെട്ടു. അവനെ ജയിപ്പിച്ച് രണ്ടാം കളാസ്സിലേക്കയക്കാന് കളാസ്സദ്ധ്യാപകന് ഇഷ്ടമില്ല. പത്തുവയസ്സായിട്ടും അവനെ ഒന്നാം കളാസ്സില് തന്നെ പഠിപ്പിച്ചു. കാളാസ്സദ്ധ്യാപകന് ചായകൊണ്ടു വരാനും വീട്ടലേക്ക് സാമാനങ്ങള്‍ വാങ്ങാനും അവന് വേണമായിരുന്നു...!
മുല്ലനേഴി മാഷ് അക്കാലത്ത് പല വേദികളിലും ഈ കവിത പാടിയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ ചില ബുദ്ധിജീവികള്‍ക്ക് കവിതയിലെ ശരം എവിടേക്കാണ് തൊടുക്കുന്നതെന്ന് മനസ്സിലായി. ഉടന്‍ മാഷ്ക്ക് വിലക്കു വന്നു. ഇനി മേലില്‍ ആ കവിത പൊതു വേദികളില്‍ പാടരുത്...!
കറു കറുത്തൊരു പെണ്ണ്.......
അസീസിന്റെ ഞാവല്‍പ്പഴങ്ങള്‍ എന്നസിനിമയിലെ ...കറു കറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്...എന്ന പാട്ട് സൂപ്പര്‍ ഹിറ്റായ എഴുപതുകളുടെ കാലം. മാഷ് കോഴിക്കട് ഒരു വനിതാകോളേജില്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ കറുത്തനിറമുള്ള ഒരു പെണ്‍കുട്ടി മാഷുടെ അടുത്തെത്തി കറഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ കറുത്ത നിറം കാരണം ഞാന്‍ എന്നെതന്നെ വെറുക്കുകയായിരുന്നു. ആര്‍ക്കും എന്നെ ഇഷ്ടമില്ല എന്ന തോന്നല്‍ കാരണം പലപ്പോഴും ഞാന്‍ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്. അപ്പോഴാണ് മാഷുടെ ആ പാട്ട് കേള്‍ക്കുന്നത്. ആ പാട്ടെനിക്ക് ആത്മ വിശ്വാസം തന്നു. ഇനി ഞാന്‍ ആത്മഹത്യ ചെയ്യില്ല.
സാക്ഷരതാപാട്ടുകള്....
സാക്ഷരതാപ്രസ്ഥാനം കേരളത്തില്‍ ഒരു പുത്തനുണര്‍വ് പകരാന്‍ തുടങ്ങിയ കാലം. സാക്ഷരതാപ്രസ്ഥാനത്തിന്റെ പ്രചരണാത്തിനായി ഗാനങ്ങളെഴുതണമെന്ന് മുല്ലനേഴിയോട് സംസ്ഥാന കൊഓര്‍ഡിനേറ്ററും ശാസ്ത്ര സാഹിത്യ പരിഷത്തു സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രഫ.ഇ.കെ നാരായണന് ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാട്ടുകളൊന്നും ആയില്ല. കാസെറ്റ് പുറത്തിറക്കാനുള്ള ദിവസമായി. അവസാനം ഇ.കെ.എന്‍ മാഷ് മുല്ലനേഴിയെ പിടികൂടി തൃശ്ശൂര്‍ എലൈറ്റ് ഹോട്ടലില്‍ മുറിയെടുത്ത് അതിലിട്ട് പൂട്ടി. നേരം വെളുക്കുമ്പോഴേക്കും എട്ടു ഗാനങ്ങള്‍ തയ്യാറാവണമെന്നായിരുന്നു നിര്‍ദ്ദേശം. നേരം വെളുക്കേണ്ടി വന്നില്ല.അതിനു മുമ്പു തന്നെ എട്ടു ഗാനങ്ങളും റെഡി. പിറ്റേ ദിവസം പ്രഫ. വി.കെ ശശിധരന് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. അതിനടുത്ത ദിവസം റെക്കോര്‍ഡിഗും നടന്നു. അക്കാലത്ത് ഏറെ പ്രചാരം ലഭിച്ചവയായിരുന്നു ആ സാക്ഷരതാ ഗീതങ്ങള്‍.അതില്‍ ഏറ്റവും പ്രശസ്ത മായത് ... നേരമൊട്ടും വൈകിയില്ല കൂട്ടുകരേ പോരൂ.. പേരെഴുതാം വായിക്കാം ലോകവിവരം നേടാം...എന്ന ഗാനമായിരുന്നു.
കണ്ണൂര്‍ അനുഭവം....
കണ്ണൂരിലെ ഒരു ഉള് നാടന്‍ ഗ്രാമത്തില്‍ സാക്ഷരതാ പരിപാടക്ക് പോയതായിരുന്നു മുല്ലനേഴി. സാക്ഷരതാ പഠിതാക്കളായ മുത്തശ്ശിമാര്‍ക്ക് ഇത് മുല്ലനേഴി മാഷാണെന്നുപറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അവരുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. അപ്പോഴാണ് ഇത് നേരമൊട്ടും വൈകിയില്ല എന്നപാട്ടെഴുതിയ മാഷാണെന്ന് ഒരാള്‍ പറഞ്ഞത്. ഉടനെ മുത്തശ്ശിമാരെല്ലാം മാഷുടെ ചുറ്റും ഓടിയെത്തി കൈ കുപ്പി നിന്നതായി മാഷ് പറഞ്ഞു.മുല്ലനേഴി മാഷ് കടവല്ലൂര്‍ ഗവ.ഹൈസ്ക്കൂളിലും കുറച്ച് കാലം അദ്ധ്യാപകനായിരുന്നിട്ടുണ്ട്
തിരുവനന്തപുരത്തെ ആ സഹവാസത്തിനുശേഷം പലപ്പോഴും കണ്ടു മുട്ടാറുണ്ട്. അപ്പോഴ്ല്ലാം കെട്ടിപ്പിടിക്കുകയും സ്നേഹത്തോടെ അടിക്കുകയും കുത്തുകയും ചെയ്യുമായിരുന്നു. ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷം ഈ അടുത്ത കാലത്ത് വീണ്ടും കണ്ടപ്പോള്‍ മറവിയുടെ ഒരു മൂടുപടം മാഷുടെ മുഖത്ത് പ്രകടമായി. ഓര്‍മ്മിച്ചെടുക്കാന്‍ കുറെ സമയമെടുത്തു.

പ്രിയ മുല്ലനേഴി മാഷ്...
അങ്ങേക്ക്
അങ്ങേക്ക്
ആദരാഞ്ജലികള്‍ ......
(ശക്തിധരന്.കെ.എ.)
(ശക്തിധരന്.കെ.എ.)

സ്നേഹം
ReplyDeleteസ്നേഹം
ReplyDelete