Jun 23, 2012

നാടന്‍ മീനുകളെവിടെ

കൊള്ളഞ്ചേരിതോട് ചാലിശ്ശേരി പാടത്തു നിന്നുള്ള ദൃശ്യം
        
 നമ്മുടെ തോടുകളിലെ മത്സ്യ സമ്പത്ത് ഇന്ന് ശോഷിച്ച് അന്യം വന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ തോട്ടിലുള്ള കുളി ഒരു ഹരമായിരുന്നു. കൊരട്ടിക്കര അമ്പല ഭാഗത്തെ തോട്ടിലായിരുന്നു സ്ഥിരം കുളി. തോട്ടിലുണ്ടായിരുന്ന എല്ലാതരം മത്സ്യങ്ങളും സുപരിചിതമായിരുന്നു. പരല്‍, മാനത്തുകണ്ണി (തുപ്പലം കൊത്തി),
ആരല്‍,കൊമ്പിപ്പരല്‍ എന്നിവയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. തോര്‍ത്തു കൊണ്ട് കോരിയെടുത്ത് ചേമ്പിലകോട്ടിയതില്‍ വെള്ളം നിറച്ച് മീനുകളെ വീട്ടില്‍ കൊണ്ടുവന്ന് കുപ്പിയിലിടുമായിരുന്നു.
    ആ കാലം പോയി. ഇന്ന് തോട്ടില്‍ മീനുണ്ടോയെന്നു തന്നെ സംശയം തോന്നിപ്പിക്കുന്നു. ഈ കാലവര്‍ഷാരംഭത്തില്‍ കടവല്ലൂര്‍ പാടത്ത് വല വെച്ച് മീന്‍ പിടിക്കുന്ന സ്ഥലത്ത് കൗതുകത്തിനായി ചെന്നുനോക്കി. ബാര്‍ബുകളെന്നു വിളിക്കുന്ന കൊച്ചു പരലുകളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. മറ്റുള്ളവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.!
ഈ ബാര്‍ബുകള്‍ക്ക് ചറുപ്പത്തില്‍ കണ്ട പരലുകളില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. അലങ്കാര മത്സ്യമായി അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ചുവന്ന ചിറകുള്ള ബാര്‍ബുകളെയാണ് കണ്ടത്.
           മണ്‍സൂണ്‍ കാലമാണ് നാടന്‍ മത്സ്യങ്ങളുടേയും പ്രജനന കാലം. തോട്ടു വക്കില്‍ സുലഭമായിരുന്ന കൈതക്കൂട്ടങ്ങളായിരുന്നു പ്രജനന സ്ഥലം. ഇവിടെ മുട്ടയിട്ട് വിരിയുന്ന മത്സ്യങ്ങള്‍ മഴക്കാലം കഴിയുന്നതോടെ കുളങ്ങളിലേക്കും കൊക്കര്‍ണികളിലേക്കും അഭയം തേടുന്നു. ഇവിടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നവ അടുത്ത മഴക്കാലത്ത് കൂട്ടത്തോടെ തോടുകളിലേക്ക് വാണ്ടും പ്രവേശിക്കുന്നു.
           പഞ്ചാത്തുകളുടെ തോട് സംരക്ഷണ പരിപാടിയുടെ ഭാഗമായി കൈതക്കൂട്ടങ്ങളെല്ലാം വെട്ടിക്കളഞ്ഞു. മഴ കുറഞ്ഞതോടെ തോടുകള്‍ പെട്ടെന്ന് വറ്റാന്‍ തുടങ്ങി. കടുത്തവേനലില്‍ കുളങ്ങളും കൊക്കര്‍ണികളും വറ്റുന്നത് പതിവായി. പുരാതനകാലമായി നമ്മുടെ ജലസ്രോതസ്സുകളെ സജീവമാക്കിയിരുന്ന നാടന്‍ മീനുകളും നാമാവശേഷമാവുന്നു.

No comments:

Post a Comment