Jun 23, 2012

              തണതറ പാലം ഉദ്ഘാടനം ചെയ്തു.

     കൊച്ചിയെയും മലബാറിനേയും ബന്ധിപ്പിക്കുന്നതിന് വേണ്ടി അറുപത് കൊല്ലം മുമ്പ് പണിത തണതറ പാലം 23-06-2012 ന് വൈകീട്ട് 4.00 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. പൊതു മരാമത്ത് മന്ത്രി പി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നംകുളം എം.എല്‍.എ ബാബു എം. പാലിശ്ശേരി,തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം  മുന്‍ വടക്കാഞ്ചേരി എം.എല്‍.എ എ.സി.മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    പണ്ട് ചാലിശ്ശേരി പാലത്തിന് വടക്ക് ബ്രിട്ടീഷ് സീമയെന്നും തെക്ക് കൊച്ചി സീമയെന്നും അറിയപ്പെട്ടിരുന്നു. ഈ രണ്ട്‌സീമകളെയും തമ്മില്‍ വാഹന ഗതാഗതത്തിലൂടെ ബന്ധിപ്പിക്കാനായി പണിതതാണ് ഈ പാലം. പാലത്തിന് വടക്ക് ഭാഗത്ത് ബ്രിട്ടീഷ് പട്ടാളം  കവാത്ത് നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. തെക്ക് ഭാഗത്ത് ചുങ്കം ഉണ്ടായിരുന്നു. മലഭാര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുകള്‍ ഇവിടെ പരിശോധിച്ചിരുന്നു.
പാലം ഉദ്ഘാടന വേളയില്‍
ചാലിശ്ശേരി തോട് പുതിയ പാലത്തില്‍ നിന്നുള്ള ദൃശ്ശ്യം
           പഴയപാലത്തിന് 10 അടി മാത്രമേ വീതിയുണ്ടായിരുന്നുള്ളു. ഒരേ സമയം ഒരു വാഹനത്തിനു മാത്രമേ കടന്നു പോകാന്‍ കഴിഞ്ഞിരുന്നുള്ളു. പുതിയ പാലത്തിന്റെ വീതി 18 അടിയാണ്. നടപ്പാതയില്ലാത്തത് വലിയൊരു പോരായ്മയായി കാണുന്നു. രണ്ടു വാഹനങ്ങള്‍ ഒരേ സമയം വന്നാല്‍ കാല്‍ നടക്കാര്‍ അപകടാവസ്തയിലാകും. ദീര്‍ഘവീക്ഷണമില്ലാതെയാണ് പാലം പണിതതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാത വരുമ്പോള്‍ ഈ പാലം പൊളിച്ചു പണിയുകയോ പുതിയ മറ്റൊന്ന് പണിയുകയോ വേണ്ടിവരും. ഈ പാതയുടെ പണി പുരോഗമിച്ചുവരികയാണ്.
                 അര നൂറ്റാണ്ടയി മാറ്റമില്ലാതെ കിടന്ന പാലം പുതുക്കിപണിയാന്‍ മുന്‍കൈയെടുത്ത  ബാബു.എം.പാലിശ്ശേരിയേയും എ.സി.മൊയ്തീനേയും ജനങ്ങള്‍ അഭിനന്ദിച്ചു.


No comments:

Post a Comment